ഹരിദ്വാര്‍: കൊവിഡിന് മരുന്ന് കണ്ടുപിടിച്ചുവെന്ന വാദവുമായി എത്തിയ പതഞ്ജലിയോട് സര്‍ക്കാര്‍ വിശദീകരണം തേടി. ഏഴ് ദിവസം കൊണ്ട് കൊവിഡ് പൂര്‍ണ്ണമായും ഭേദമാക്കുന്ന ആയുര്‍വേദ മരുന്ന് വികസിപ്പിച്ചെടുത്തുവെന്നായിരുന്നു പതഞ്ജലിയുടെ അവകാശവാദം. ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്.
സംഭവത്തില്‍ മണിക്കൂറുകള്‍ക്കകമാണ് കേന്ദ്രസര്‍ക്കാര്‍ പതഞ്ജലിയോട് വിശദീകരണവും തേടിയത് മരുന്നിന്റെ പരസ്യം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സര്‍ക്കാര്‍ കമ്പനിക്ക് നിര്‍ദേശം നല്കി.
ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണഫലം എന്ത്, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണം, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ നല്‍കണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടു.
‘കൊറോണില്‍ ആന്‍ഡ് സ്വാസരി’ എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളില്‍ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ് മാധ്യമങ്ങളോടു പറഞ്ഞത്. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്.
Discussion about this post