വിവരാവകാശ നിയമം: മുന്‍സിപ്പല്‍ ഓഫീസറുടെ നടപടിയെ കുറിച്ച് വിവരം നല്‍കില്ല; റവന്യൂ അണ്ടര്‍ സെക്രട്ടറിക്ക് 25,000 രൂപ പിഴ

ഭോപ്പാല്‍: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിന് മധ്യപ്രദേശ് റവന്യൂ അണ്ടര്‍ സെക്രട്ടറിക്ക് പിഴ. 25,000 രൂപയാണ് പിഴയടക്കേണ്ടത്. അചല്‍ കുമാര്‍ ദുബെ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് മറുപടി നല്‍കാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ചുമത്തിയത്.

2017-ലാണ് അചല്‍ കുമാര്‍ ദുബെയെന്ന വിവരാവകാശ പ്രവര്‍ത്തകന്‍ വിദിഷയിലെ ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍ക്ക് എതിരായ അഴിമതി ആരോപണങ്ങളെപ്പറ്റിയും ഇതില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെപ്പറ്റിയും വിവരങ്ങള്‍ ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

വിദിഷയിലെ നഗര വികസനം, ഭവന ഡിപ്പാര്‍ട്ട്മെന്റുകളിലെ അഴിമതി സംബന്ധിച്ചായിരുന്നു ചോദ്യം. മാത്രമല്ല ആരോപണങ്ങളില്‍ മുന്‍സിപ്പല്‍ ഓഫീസര്‍ അന്വേഷണ സംഘങ്ങള്‍ക്ക് നല്‍കിയ മറുപടികളെപ്പറ്റിയും ഇദ്ദേഹം ചോദിച്ചിരുന്നു.

എന്നാല്‍ സമയപരിധിക്കുള്ളില്‍ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് അചല്‍ കുമാര്‍ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് വിഷയത്തില്‍ റവന്യു അണ്ടര്‍ സെക്രട്ടറിയേയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറിനേയും കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചു. തങ്ങള്‍ നിരപരാധികളാണെന്നും വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ കണ്ടെത്താന്‍ അക്ഷീണം പ്രയത്നിച്ചെങ്കിലും അത് മറ്റൊരു ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ ആയിരുന്നുവെന്നാണ് ഇരുവരും വാദിച്ചത്.

എന്നാല്‍ വാദങ്ങള്‍ സ്ഥാപിക്കുന്നതിനാവശ്യമായ രേഖകള്‍ ഇവര്‍ക്ക് ഹാജരാക്കാനായില്ല. ആവശ്യപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ മറ്റൊരു ഡിപ്പാര്‍ട്ട്മെന്റിലാണെങ്കില്‍ അവര്‍ക്ക് കത്തയയ്‌ക്കേണ്ടതും അക്കാര്യം അപേക്ഷകനെ അറിയിക്കേണ്ടതും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണ്. എന്നാല്‍ ഇത് ചെയ്തില്ലെന്ന് മാത്രമല്ല അചല്‍ കുമാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ കൂട്ടാക്കിയുമില്ല.

ചീഫ് മുന്‍സിപ്പല്‍ ഓഫീസറിനെതിരായ അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ കൈവശമുണ്ടായിട്ടും അത് മനപ്പൂര്‍വം പുറത്തുവിടാതിരിക്കുകയായിരുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ രാഹുല്‍ സിങ് കണ്ടെത്തി. മാത്രമല്ല ആ സമയത്ത് നഗര വികസന- ഭവന മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയും ഇപ്പോഴത്തെ റവന്യു സെക്രട്ടറിയുമായ ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിക്കുകയായിരുന്നു.

Exit mobile version