ഭുവനേശ്വര്‍: ക്വാറന്റൈന്‍ നിര്‍ദേശിച്ചത് ലംഘിച്ച് പിറന്നാള്‍, വിവാഹാഘോഷങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഒരാളില്‍ നിന്ന് 17 പേര്‍ക്കാണ് കൊവിഡ് പകര്‍ന്നത്. ജാര്‍സുഗുഡയില്‍ ജൂണ്‍ 20 അര്‍ധരാത്രി വരെ രോഗം സ്ഥിരീകരിച്ച 25 പേരില്‍ പതിനേഴ് പേര്‍ മൂന്ന് കുടുംബങ്ങളില്‍ പെട്ടവരും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന പിറന്നാള്‍, വിവാഹവാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തവരുമാണ്.
ഈ രണ്ട് ആഘോഷങ്ങളിലും കൊവിഡ്-19 സ്ഥിരീകരിച്ച ഒരു സ്ത്രീ പങ്കെടുത്തിരുന്നു. ജൂണ്‍ 14 ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് ഭര്‍ത്താവിനും മകനുമൊപ്പം മടങ്ങിയെത്തിയ ഇവര്‍ക്ക് 14 ദിവസത്തെ സമ്പര്‍ക്കവിലക്ക് നിര്‍ദേശിച്ചിരുന്നു. ഇത് മറികടന്നാണ് പല ആഘോഷ ചടങ്ങുകളിലും പങ്കെടുത്തത്. ബ്രജ് രാജ് നഗറിലെ അമ്മാവന്റെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് പിന്നീട് കൊവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു.
ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ഇവര്‍ മകന്റെ പിറന്നാളിന് ആഘോഷപരിപാടി സംഘടിപ്പിച്ചു. അയല്‍വാസികള്‍ ഉള്‍പ്പടെ നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ താമസിച്ചിരുന്ന പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടിയായിരുന്നു. കൂടാതെ മറ്റൊരു വീട്ടില്‍ നടന്ന വിവാഹവാര്‍ഷികാഘോഷ പരിപാടിയില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തു. ഇവരില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം. സംഭവത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചവര്‍ക്കെതിരെയും പരിപാടികളില്‍ പങ്കെടുത്തവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.