നാഗ്പൂര്‍: വാട്സ് ആപ്പ് തുണയായി, നാല് പതിറ്റാണ്ടിന് ശേഷം സ്വന്തം കുടുംബത്തിലേക്ക് തിരിച്ചെത്തി 94 കാരി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പഞ്ചുഭായ് എന്ന മുത്തശ്ശിയാണ് നീണ്ടകാലത്തിന് ശേഷം സ്വന്തം മക്കളുടെ അടുത്തെത്തിയത്.
1979-80 കാലത്ത് തന്റെ 53ാം വയസ്സിലാണ് പഞ്ചുഭായ് അവിചാരിതമായി മധ്യപ്രദേശിലെ ചെറുഗ്രാമമായ കോട്ടടാലയിലെത്തിയത്. ദാമോ ജില്ലയിലാണ് ഈ ഗ്രാമം. വഴിതെറ്റി അലയുന്ന ഒരു വീട്ടമ്മ ഒരു ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. അയാള്‍ കാണുമ്പോള്‍ തേനിച്ചകളുടെ കുത്തേറ്റ് അവശനിലയിലായിരുന്നു അവര്‍. ട്രക്ക് ഡ്രൈവറായ നൂര്‍ ഖാന് അവരെ രക്ഷപ്പെടുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അങ്ങനെ പഞ്ചുഭായ് നാട്ടുകാരിലൊരാളായി 40 വര്‍ഷം ജീവിച്ചു. പഞ്ചുഭായിയുടെ മാതൃഭാഷയായ മറാഠി ഗ്രാമത്തിലാര്‍ക്കും മനസ്സിലാകുമായിരുന്നില്ല.
”ആന്റിയെ അച്ഛന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഞാന്‍ തീരെ കുഞ്ഞായിരുന്നു. അവര്‍ പിന്നെ ഇക്കാലം വരെ ഞങ്ങള്‍ക്കൊപ്പമാണ് ജീവിച്ചത്. ഞങ്ങളവരെ ആന്റി എന്നുവിളിച്ചു. അവര്‍ക്ക് മാനസികമായി ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മറാഠിയിലാണ് സംസാരിച്ചിരുന്നത്. അത് ഞങ്ങള്‍ക്ക് മനസ്സിലായതുമില്ല. പലപ്പോഴും അവരുടെ കുടുംബത്തെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും അതിനെക്കുറിച്ച് ഒരു മറുപടിയും അവര്‍ തന്നതുമില്ല..” ഇസ്റാര് ഖാന് പറഞ്ഞു..
”ഒടുവില്‍ അവരുടെ കുടുംബത്തെ കണ്ടെത്താനായി അവരെ കുറിച്ച് ഞാന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. പക്ഷേ ഫലമുണ്ടായില്ല. ഖന്ജ്മ നഗര്‍ എന്ന ഒരു സ്ഥലപേര് അവര്‍ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. ഗൂഗിളില്‍ ഈ പേര് വെച്ച് സെര്‍ച്ച് ചെയ്തെങ്കിലും അത് എവിടെയാണെന്ന് കണ്ടുപിടിക്കാനായില്ല.
കഴിഞ്ഞ മെയ് നാലിന് ലോക്ഡൗണിനിടെ വീണ്ടും കുടുംബത്തെക്കുറിച്ച് ആന്റിയോട് സംസാരിച്ചിരിക്കുമ്പോള്‍ പര്‍സാപൂര്‍ എന്നൊരു സ്ഥലത്തിന്റെ പേര് ആന്റി പറഞ്ഞു. അതേക്കുറിച്ച് ഗൂഗിളില്‍ നോക്കിയപ്പോള്‍ മഹാരാഷ്ട്രയില്‍ അങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പര്‍സാപൂരില്‍ കട നടത്തുന്ന ഒരു സുഹൃത്തുമായി ബന്ധപ്പെടുകയും ഇവരുടെ കാര്യം പറയുകയുമായിരുന്നു. പര്സാപൂരിന് സമീപം ഖന്ജ്മ നഗര്‍ എന്നൊരു ഗ്രാമം ഉണ്ടെന്ന് സുഹൃത്ത് പറഞ്ഞു.
തുടര്‍ന്ന് ആന്റിയുടെ ഒരു വീഡിയോ എടുത്ത് ആ സുഹൃത്തിന് അയച്ചുകൊടുത്തു. മെയ് 7നായിരുന്നു അത്. രാത്രി 8.30 നായിരുന്നു ഞാനത് അയച്ചുകൊടുത്തത്. അവരത് ആ നാട്ടിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടു. അന്ന് പാതിരാത്രിയോടെ തന്നെ എനിക്കൊരു ഫോണ്‍ വന്നു. അഭിഷേക് എന്നൊരാളാണ് വിളിച്ചത്. അവരെ അവരുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു എന്ന വിവരം അയാള്‍ പറഞ്ഞു.
ആന്റിയുടെ കൊച്ചുമകനാണ് വീഡിയോ കണ്ട് തന്റെ മുത്തശ്ശിയെ തിരിച്ചറിഞ്ഞത്. നാഗ്പൂര്‍ സ്വദേശിയായ പ്രിഥ്വി ബയ്യലാല് ഷിന്ഗാനെയുടെ മുത്തശ്ശിയായിരുന്നു കഴിഞ്ഞ 40 വര്‍ഷമായി ഞങ്ങളുടെ ആന്റിയായി ഞങ്ങളുടെ കൂടെയുണ്ടായിരുന്നത്.
എന്നാല്‍ ലോക്ഡൗണായാതിനാല് ഉടന്‍ തന്നെ ആന്റിയെ അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാന്‍ ആയില്ല. ജൂണ്‍ 17 നാണ് പഞ്ച്ഫൂലാബായ് തേജ്പാല്‍ സിങ് ഷിന്‍ഗാനെ എന്ന അവരുടെ മുത്തശ്ശിയെ പേരമകന് പൃഥ്വി കുമാര്‍ ഷിംഗ്ലെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയത്.
1979 ല്‍ മുത്തശ്ശിയെ ചികിത്സയ്ക്കായാണ് നാഗ്പൂരില്‍ കൊണ്ടുപോയതെന്ന് കൊച്ചുമകന് പറയുന്നു. എന്നാല്‍ ഒരു ദിവസം അവിടെ നിന്ന് കാണാതാകുകയായിരുന്നു. അന്ന് അച്ഛനായിരുന്നു മുത്തശ്ശിയുടെ കൂടെയുണ്ടായിരുന്നത്. അന്നുമുതല്‍ മുത്തശ്ശിക്കായി തന്റെ അച്ഛന് അന്വേഷണം തുടര്‍ന്നുകൊണ്ടേയിരുന്നുവെന്നും 2017 ലാണ് മരണപ്പെട്ടതെന്നും കൊച്ചുമകന് പൃഥ്വി പറഞ്ഞൂ.
ഈ 94 വയസ്സിലും നല്ല ആരോഗ്യവതിയാണ് ഞങ്ങളുടെ മുത്തശ്ശി. അതിന് ഇത്രയും നാളും മുത്തശ്ശിയെ സംരക്ഷിച്ച ഖാന് കുടുംബത്തിന് നന്ദി പറയുന്നതായി പൃഥ്വി പറഞ്ഞു. ഗ്രാമത്തിന്റെ മുത്തശ്ശിയെ നിറകണ്ണുകളോടെയാണ് നാട്ടുകാര്‍ യാത്രയാക്കിയത്. പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു.
Discussion about this post