ന്യൂഡല്‍ഹി: ലോകത്തെ നടുക്കി കൊണ്ടിരിക്കുന്ന മഹമാരിയായ കൊവിഡ് 19 ന്റെ പ്രതിരോധ വാക്‌സിന്‍ ഒക്ടോബറില്‍ വിപണയില്‍ എത്തിക്കുമെന്ന ഉറപ്പ് നല്‍കി ഇന്ത്യന്‍ മരുന്ന് കമ്പനി. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാഗ്ദാനം നല്‍കി രംഗത്ത് വന്നിരിക്കുന്നത്. മനുഷ്യരില്‍ പരീക്ഷണം പൂര്‍ത്തിയാക്കി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ആയിരം രൂപയ്ക്കായിരിക്കും വാക്‌സിന്‍ ലഭ്യമാക്കുക.
മനുഷ്യരിലെ പരീക്ഷണം അവാസന ഘട്ടത്തിലാണെന്ന് കമ്പനി ഡയറക്ടര്‍ പുരുഷോത്തമന്‍ സി നമ്പ്യാര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയും കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയുമാണ് ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഗവേഷണം.
ഓക്‌സോഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം നടത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ മനുഷ്യരില്‍ പരീക്ഷിക്കുമ്പോള്‍ തന്നെ വ്യാവസായിക അടിസ്ഥാനത്തിലും നിര്‍മ്മാണം നടത്താനാണ് പദ്ധതി. ജൂണില്‍ നിര്‍മ്മാണം തുടങ്ങി സെപ്തംബറോടെ രണ്ട് കോടി വാക്‌സിന്‍ വിതരണത്തിന് തയ്യാറാക്കി വെക്കും.
മനുഷ്യരിലെ പരീക്ഷണ ഫലവും സര്‍ക്കാര്‍ അനുമതിയും ലഭ്യമായാല്‍ സെപ്തംബര്‍ അവസാനം ആകുമ്പോഴേക്കും നിര്‍മ്മിച്ചുവെച്ചിരിക്കുന്ന രണ്ട് കോടി വാക്‌സിന്‍ സപ്ലൈ ചെയ്യാന്‍ സാധിക്കുമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ 80 ലക്ഷത്തോളം വാക്‌സിന്‍ ഉണ്ടാക്കി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും പുരുഷോത്തമന്‍ സി നമ്പ്യാര്‍ വ്യക്തമാക്കി.
വൈറസിനെ തുടച്ചുമാറ്റാന്‍ രാജ്യങ്ങളുടെ വാക്‌സിന്‍ നയത്തില്‍ കൊവിഡ് 19 വാക്‌സിനേഷന്‍ കൂടി ഉള്‍പ്പെടുത്തേണ്ടി വരുമെന്നാണ് ഇവരുടെ നിഗമനം. ഇന്ത്യയില്‍ ആയിരം രൂപയ്ക്ക് വാക്‌സിന്‍ നല്‍കുമ്പോഴുണ്ടാകുന്ന നഷ്ടം വിദേശ വിപണിയിലൂടെ നികത്താനാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ലോകത്തെ വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. എച്ച് 1 എന്‍ 1 രോഗത്തിന് നേസല്‍ സ്േ്രപ കണ്ടുപിടിച്ചതും ഇവരാണ്.