ഭോപ്പാൽ: തനിക്ക് കാഴ്ച നഷ്ടപ്പെട്ടതും ആരോഗ്യം നശിച്ചതും കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് നേരിട്ട പീഡനങ്ങൾ കാരണമെന്ന് ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ. അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് തനിക്കുള്ളതെന്നും പ്രഗ്യാസിങ് പറയുന്നു. ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിട്ടുണ്ട്. ഒമ്പതു വർഷം നീണ്ട കോൺഗ്രസിന്റെ പീഡനത്തെ തുടർന്ന് എനിക്ക് നിരവധി പരിക്കുകളുണ്ടായി. അന്നത്തെ പീഡനങ്ങൾ തന്നെ ഇപ്പോഴും അലട്ടുകയാണ്. എന്റെ കണ്ണിലും തലച്ചോറിലും പഴുപ്പും വീക്കവും രൂപപ്പെട്ടു. ഇടത് കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. വലത് കണ്ണിന് മങ്ങിയ കാഴ്ചയാണുള്ളത്- പ്രഗ്യാസിങ് പറഞ്ഞു.
2008ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രഗ്യാസിങ് ജയിലിലായിരുന്നപ്പോൾ കടുത്ത പീഡനം നേരിട്ടുവെന്നാണ് ആരോപിക്കുന്നത്.
അതേസമയം, കൊവിഡ് വ്യാപിക്കുന്നതിനിടെ, തന്നെ കാണുന്നില്ലെന്ന് പറഞ്ഞ് ഭോപ്പാലിലുടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച ചോദ്യത്തിനും പ്രഗ്യ മറുപടി നൽകി. ലോക്ക്ഡൗൺ നിയന്ത്രണം കാരണമാണ് ഡൽഹിയിൽ നിന്ന് മടങ്ങാൻ കഴിയാതിരുന്നതെന്ന് അവർ പറഞ്ഞു.
അതേസമയം കോൺഗ്രസ് ഭരണത്തിൽ പീഡനം നേരിട്ടെന്ന പ്രഗ്യാസിങിന്റെ ആരോപണം കോൺഗ്രസ് നേതാവ് പിസി ശർമ്മ തള്ളി. തങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്നവരാണെന്നും ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും ശർമ്മ പറഞ്ഞു.