കാഠ്മണ്ഡു: ഇനി മുതൽ ഇന്ത്യക്കാർക്ക് നേപ്പാൾ പൗരത്വം ലഭിക്കണമെങ്കിൽ ഏറെ കടമ്പകൽ കടക്കണം. നിലവിലുള്ള പൗരത്വ നിയമത്തിൽ മാറ്റംവരുത്തി നേപ്പാൾ നിയമം രൂപീകരിച്ചു. പുതിയ ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യക്കാർക്ക് പൗരത്വം ലഭിക്കാൻ കുറഞ്ഞത് ഏഴു വർഷം കാത്തിരിക്കേണ്ടിവരും. വാർത്ത സ്ഥിരീകരിച്ചുകൊണ്ട് നേപ്പാൾ ആഭ്യന്തര മന്ത്രി രാം ബഹദൂർ ഥാപ്പ തന്നെ രംഗത്തെത്തി.
ഇന്ത്യൻ പൗരത്വ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ ഥാപ്പ ന്യായീകരിച്ചത്. ഇന്ത്യൻ പൗരനെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഏഴ് വർഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമമാണ് രാം ബഹദൂർ ഥാപ്പ ഉദ്ധരിച്ചത്. എന്നാൽ, ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഈ ഉപാധി നേപ്പാൾ പൗരന്മാർക്ക് ബാധകമല്ലെന്ന കാര്യം പ്രസ്താവനയിൽ നേപ്പാൾ ആഭ്യന്തരമന്ത്രി പരാമർശിച്ചിട്ടില്ല.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായതിനിടെയാണ് അതിർത്തി പൗരത്വ നിയമത്തിൽ നേപ്പാൾ ഭേദഗതി വരുത്തിയത്. ഇന്ത്യയുടെ മേഖലകൾ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് നേരത്തെ നേപ്പാൾ പാർലമെന്റ് പാസാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തിൽ നേപ്പാൾ തങ്ങളുടേതായി അടയാളപ്പെടുത്തിയത്് ഇതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാൻ നേപ്പാൾ ഒരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു.
Discussion about this post