‘കീഴടങ്ങിയ മോഡി’; ചൈനയെ എതിർക്കാത്ത മോഡിയെ വിമർശിച്ച് ജപ്പാൻ ടൈംസ്; ശരിവെച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ചൈനയുടെ ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടും ചൈനയോട് മൃദുസമീപനം സൂക്ഷിക്കുന്ന പ്രധാനമന്ത്രി മോഡിയെ വിമർശിച്ച് ജപ്പാൻ മാധ്യമം. ഇന്ത്യാ-ചൈന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലും പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനയെ പ്രീണിപ്പിക്കുന്നു എന്നാണ് ജപ്പാൻ ടൈംസിന്റെ വിമർശനം. ഈ റിപ്പോർട്ട് ശരിവെച്ച് മോഡിയെ പരിഹസിക്കുകയാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും. കീഴടങ്ങിയ മോഡി എന്നാണ് രാഹുലിന്റെ പരിഹാസം.

മോഡി ചൈനയെ പ്രീണിപ്പിക്കുന്നു എന്ന വിദേശ മാധ്യമ റിപ്പോർട്ട് പരാമർശിക്കുന്ന രാഹുലിന്റെ ട്വീറ്റിൽ, ‘ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദി’ എന്ന് കുറിച്ചിരിക്കുന്നു. ജപ്പാൻ ടൈംസ് പ്രസിദ്ധീകരിച്ച മാധ്യമറിപ്പോർട്ടും രാഹുൽ ഒപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.

വർഷങ്ങളോളം ചൈനയെ പ്രീണിപ്പിക്കാൻ വേണ്ടി പിന്നിലേക്ക് ഒതുങ്ങിനിന്ന മോഡിക്ക് നേരെ ഒരു ചൈനീസ് കടന്നുകയറ്റം കൂടി ഉണ്ടായിരിക്കുന്നു. ഇനിയെങ്കിലും ചൈനയ്ക്കു നേരെയുള്ള സമീപനത്തിൽ മാറ്റം വരുത്താൻ മോഡി തയ്യാറാവുമോ എന്നാണ് ജപ്പാൻ ടൈംസിന്റെ റിപ്പോർട്ട് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ആഞ്ഞുപരിശ്രമിക്കുമ്പോൾ ചൈന അതിർത്തി വിപുലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലായിരുന്നു എന്നും ജപ്പാൻ ടൈംസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി നല്ല അവസ്ഥയിലല്ല എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യാ-ചൈന തർക്കത്തിൽ താൻ മധ്യസ്ഥം വഹിക്കാമെന്ന സന്നദ്ധത അറിയിച്ചതിനൊപ്പമായിരുന്നു ട്രംപിന്റെ പ്രസ്താവന.

Exit mobile version