ന്യൂഡല്‍ഹി: ഇന്ന് ആറാമത് അന്താരാഷ്ട്ര യോഗാ ദിനം. കൊവിഡ് കാലത്ത് യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം ചെയ്തു. യോഗ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. യോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നുവെന്നും മോഡി പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന്, രാവിലെ ആറരയ്ക്കാണ് പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. കൊവിഡ് കാലത്ത് യോഗ ശീലമാക്കണമെന്നും വൈറസിന് എതിരായ പോരാട്ടത്തില്‍ യോഗയ്ക്ക് വലിയ സ്ഥാനമാണുള്ളതെന്നും മോഡി പറഞ്ഞു.
ശ്വസന വ്യവസ്ഥ ശക്തമാകാന്‍ യോഗ സഹായിക്കുന്നു. യോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. പ്രാണായാമം ശ്വസന പ്രക്രിയ സുഗമമാക്കുന്നു. യോഗാദിനം ഐക്യത്തിന്റേതുകൂടിയാണ്. യോഗ മാനസിക ആരോഗ്യം നല്‍കുമെന്നും എല്ലാവരും പ്രാണായാമം ശീലം ആക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ വിപുലമായ യോഗ ഇവന്റോടെയായിരുന്നു യോഗാ ദിനം ആചരിച്ചത്. എന്നാല്‍ കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതു കൂടിച്ചേരലുകള്‍ ഒഴിവാക്കിയാണ് ഇത്തവണ രാജ്യംയോഗാ ദിനം ആചരിക്കുന്നത്. കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ പ്രമേയം.
Discussion about this post