കൊല്‍ക്കത്ത: കോവിഡ്-19 ബാധിതനല്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലി.
നേരത്തെ, സ്നേഹാശിഷ് ഗാംഗുലി കോവിഡ്-19 ബാധിതനാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ അവസരത്തിലാണ് തനിക്ക് രോഗമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും വ്യക്തമാക്കി സ്നേഹാശിഷ് രംഗത്തെത്തിയത്.
‘ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്. എല്ലാ ദിവസവും ഓഫീസില്‍ പോകുന്നുണ്ട്. എനിക്ക് കോവിഡ്-19 ബാധിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രതീക്ഷിച്ചിരുന്നില്ല.’സ്നേഹാശിഷ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ സ്നേഹാശിഷിന്റെ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചുവെന്നും സ്നേഹാശിഷ് ഐസൊലേഷനിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്നേഹാശിഷിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്നേഹാശിഷിന്റെ മോമിന്പുരിലെ വീട്ടില്‍ സഹായിയായി ജോലി ചെയ്യുന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച ബംഗാള്‍ ആരോഗ്യവകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്.
Discussion about this post