ഹൈദരാബാദ്: കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ഹൈദരാബാദ് ബീഗം ബസാറിൽ താമസിക്കുന്ന മുഹമ്മദ് സാബിർ(35) ആണ് ഭാര്യ റുബീന(26)യെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ദമ്പതികൾ തമ്മിൽ തർക്കവും വഴക്കും ഏതാനും മാസങ്ങളായി പതിവായിരുന്നു. കുടുംബത്തിലെ മുതിർന്നവരും അയൽക്കാരും ഇടപെട്ടാണ് ഇതെല്ലാം പരിഹരിച്ചിരുന്നത്. റുബീന മാതാപിതാക്കളുമായി സംസാരിക്കുമ്പോൾ തന്നെക്കുറിച്ച് കുറ്റം പറയുന്നതാണെന്ന് സാബിർ സംശയിച്ചിരുന്നു. ഇതേചൊല്ലിയും ദമ്പതിമാർ വഴക്കിട്ടിരുന്നു.
വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും അയൽക്കാർ ഇടപെട്ട് തർക്കം അവസാനിപ്പിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ദമ്പതിമാരുടെ ആറ് വയസ്സുകാരനായ മകനും അഞ്ച് വയസ്സുകാരി മകളും അമ്മ എഴുന്നേൽക്കുന്നില്ലെന്ന് പറഞ്ഞതോടെയാണ് അയൽക്കാർ സംഭവമറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൂന്ന് ആൺമക്കളും ഒരു പെൺകുട്ടിയുമാണ് ദമ്പതിമാർക്കുള്ളത്.
സാബിർ റുബീനയെ കൊലപ്പെടുത്തുമ്പോഴും ശേഷം തൂങ്ങിമരിക്കുമ്പോഴും ആറ് വയസ്സുള്ള മകനും മകളും ഉണർന്നിരിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ഇതെല്ലാം സംഭവിച്ചത്. ഉറങ്ങുന്നതിനിടെയാണ് സാബിർ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ വീടിനകത്ത് തൂങ്ങിമരിക്കുകയും ചെയ്തു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ കഴിയാതിരുന്ന രണ്ട് മക്കളും ഇതെല്ലാം കണ്ട ശേഷം വീണ്ടും ഉറങ്ങുകയായിരുന്നു. രാവിലെ എത്ര വിളിച്ചിട്ടും അമ്മ എഴുന്നേൽക്കാതിരുന്നതോടെയാണ് ഇവർ കരഞ്ഞുകൊണ്ട് അയൽക്കാരെ വിളിച്ചത്.
അതേസമയം, പുലർച്ചെ വീടിനകത്ത് നടന്നതെല്ലാം കുട്ടികൾ വിവരിച്ചതായി ബീഗംബസാർ ഇൻസ്പെക്ടർ മധുമോഹൻ റെഡ്ഡി പറഞ്ഞു. കൊലപാതകവും ആത്മഹത്യയും നടക്കുമ്പോൾ ഒന്നും രണ്ടും വയസ്സുള്ള മറ്റ് രണ്ട് കുട്ടികൾ ഉറങ്ങുകയായിരുന്നു. വീട്ടിൽനിന്ന് സാബിറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തെങ്കിലും കൈയക്ഷരം വ്യക്തമല്ലാത്തതിനാൽ മരണ കാരണം കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post