മുംബൈ: സംസ്ഥാനത്തെ ഓരോ ജില്ലകളിലും വിദഗ്ദരായ ഡോക്ടേഴ്‌സിനെ ഉള്‍പ്പെടുത്തി കൊവിഡ് പ്രതിരോധ പ്രവര്‍ത്തന സംഘത്തെ വിന്യസിക്കാന്‍ നിര്‍ദേശവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കളക്ടര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. 36 ജില്ലകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം.
കൊവിഡ് രോഗികളെ കൃത്യസമയത്ത് തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. കൊറോണ വൈറസിനെതിരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ കളക്ടര്‍മാര്‍, റവന്യൂ കമ്മീഷണേഴ്‌സ്, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ എന്നിവരുമായി താക്കറേ വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന കാര്യത്തില്‍ സംസ്ഥാനതല പ്രതിരോധ സംഘം വിജയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൃത്യസമയത്ത് കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ കൊറോണ രോഗികള്‍ക്ക് പൂര്‍ണ്ണ സൗഖ്യം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു. പ്രായാധിക്യം മൂലമോ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമോ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ മുതിര്‍ന്ന ഡോക്ടേഴ്‌സിന് സാധിക്കാത്ത പക്ഷം ജൂനിയറായ ഡോക്ടേഴ്‌സിനെ ചികിത്സയ്ക്കായി നിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് ആവശ്യമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.