ന്യൂഡൽഹി: ഇന്ത്യൻ സൈനികരുടെ ഗൽവാൻ താഴ്വരയിലെ ജീവത്യാഗം വെറുതെയാകില്ലെന്ന് വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ. ഹൈദരാബാദിന് സമീപമുള്ള എയർഫോഴ്സ് അക്കാദമിയിൽ നടന്ന സംയുക്ത ബിരുദ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഇന്ത്യൻ സൈനികർ നടത്തിയ ധീരമായ പോരാട്ടം ഇന്ത്യയുടെ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ഏത് ആകസ്മികമായ സാഹചര്യങ്ങളെയും നേരിടാൻ തയ്യാറാണെന്നും എയർ ചീഫ് മാർഷൽ ഭദൗരിയ വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ലഡാക്കിലെ ലേ അദ്ദേഹം സന്ദർശിച്ചിരുന്നു.
ന്ത്യ പോർവിമാനങ്ങൾ തയ്യാറാക്കി നിർത്തിയിരിക്കെ സന്നാഹങ്ങൾ വിലയിരുത്താനാണ് അദ്ദേഹം മുൻകൂട്ടി നിശ്ചയിക്കാതെ എത്തിയത്. സംയുക്തസേനാമേധാവി ബിപിൻ റാവത്തുമായും കരസേനാമേധാവി എംഎം നരവണെയുമായുമുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഭദൗരിയ ലേയിലെയും ശ്രീനഗറിലെയും വ്യോമസേനാ കേന്ദ്രങ്ങളിലെത്തിയത്. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പോയതെന്നും പ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ ശ്രീനഗറിലെയും ലേയിലെയും വ്യോമകേന്ദ്രങ്ങളിൽ മുൻനിര യുദ്ധവിമാനങ്ങളെ ഒരുക്കിനിർത്തിയിട്ടുണ്ടെന്നും ഉന്നത സർക്കാർവൃത്തങ്ങൾ പറഞ്ഞു.
ലഡാക്കിനടുത്തുള്ള കേന്ദ്രത്തിൽ മിറാഷ് യുദ്ധവിമാനവും നിലയുറപ്പിച്ചിട്ടുണ്ട്. അവിടെനിന്ന് മിനിറ്റുകൾക്കകം പങോങ് സോ തടാകത്തിനു മുകളിലും മറ്റുസ്ഥലങ്ങളിലും പറന്നെത്താൻ കഴിയും. ബാലാകോട്ട് കഴിഞ്ഞവർഷം മിന്നലാക്രമണം നടത്തിയത് മിറാഷ് യുദ്ധവിമാനങ്ങളാണ്. അതിർത്തിയിലെ ഏതുസാഹചര്യവും നേരിടാൻ സുഖോയ് ജാഗ്വാർ യുദ്ധവിമാനങ്ങളും ജാഗ്രതയിലാണ്. ലഡാക്കിൽ യഥാർഥ നിയന്ത്രണരേഖയിൽ ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കാൻ കരസേനനടത്തുന്ന ശ്രമങ്ങളെ സഹായിക്കാനായി അപ്പാച്ചെ, ചിനൂക് ഹെലികോപ്റ്ററുകളും വെള്ളിയാഴ്ച എത്തി.
Discussion about this post