ജയ്പുർ: പുറത്തുനിന്നും വന്നതിനാൽ ചൂട് സഹിക്കാനാകാതെ എയർകൂളർ പ്രവർത്തിപ്പിക്കാൻ വെന്റിലേറ്ററിന്റെ പ്ലഗ് ഊരി രോഗിയെ മരണത്തിലേക്ക് തള്ളിവിട്ട് സന്ദർശകർ. ബന്ധുക്കളുടെ അശ്രദ്ധ കാരണം ചികിത്സയിലിരുന്ന നാൽപതുകാരനാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിൽ മഹാറാവു ഭീംസിങ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് സംഭവം.
സന്ദർശിക്കാനെത്തിയ രോഗിയുടെ കുടുംബാംഗങ്ങളാണ് വെന്റിലേറ്ററിന്റെ പ്ലഗ് അഴിച്ചു മാറ്റി എയർകൂളർ ബന്ധിപ്പിച്ചത്. കൊവിഡ്19 രോഗിയാണെന്ന സംശയത്തിൽ ജൂൺ 13 നാണ് ഇയാളെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് നെഗറ്റീവാണെന്ന് പരിശോധനാഫലം ലഭിച്ചതിനെ തുടർന്ന് ജൂൺ 15 ന് ഇയാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന മറ്റൊരു രോഗി കോവിഡ് പോസിറ്റീവായതിനെ തുടർന്നായിരുന്നു അത്.
ഐസൊലേഷൻ വാർഡിൽ ഉഷ്ണം അധികമായതിനാൽ രോഗിയുടെ കുടുംബാംഗങ്ങൾ പുറത്തുനിന്ന് എയർകൂളറെത്തിച്ചു. മുറിയിൽ വെന്റിലേറ്റർ ഘടിപ്പിച്ച ഒരു സോക്കറ്റ് മാത്രമാണുണ്ടായിരുന്നത്. തുടർന്ന് വെന്റിലേറ്ററിന്റെ പ്ലഗ് ഊരി എയർകൂളറിന്റെ പ്ലഗ് ബന്ധിപ്പിച്ചു. അരമണിക്കൂറിനുള്ളിൽ വെന്റിലേറ്റർ പ്രവർത്തനരഹിതമായി. ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും വിവരമറിയിച്ചതിനെ തുടർന്ന് സിപിആർ നൽകിയെങ്കിലും ഇയാൾ മരണപ്പെടുകയായിരുന്നു. സംഭവത്തെ കുറിച്ചന്വേഷിക്കാൻ ആശുപത്രി അധികൃതർ മൂന്നംഗകമ്മിറ്റിയെ നിയമിച്ചു. ശനിയാഴ്ച അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോടാവശ്യപ്പെട്ടിട്ടുണ്ട്.
സംഭവസമയത്ത് ജോലിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നവീൻ സക്‌സേന അറിയിച്ചു. മരിച്ചയാളുടെ ബന്ധുക്കൾ മൊഴി നൽകാൻ വിസമ്മതിച്ചുവെന്ന് ഡോ. സക്‌സേന സൂചിപ്പിച്ചു. വെന്റിലേറ്ററിന്റെ പ്ലഗ് അഴിക്കുന്നതിന് മുമ്പ് ബന്ധുക്കൾ അനുമതി തേടിയിരുന്നില്ലെന്നും ആശുപത്രി ജീവനക്കാരോടു മോശമായി പെരുമാറിയതായും അദ്ദേഹം അറിയിച്ചു.