ജക്കാര്‍ത്ത: നാല് വയസുകാരിയെ രണ്ടാനമ്മ പേന കൊണ്ട് കുത്തിക്കൊന്നു. ഇന്തോനേഷ്യയിലെ സൗത്ത് സുലാവെസിയിലാണ് ദാരുണ സംഭവം. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനമ്മയായ സാനിമ(27)യെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ മുന്ഭാര്യയിലുള്ള മകളെയാണ് സാനിമ പേന കൊണ്ട് കുത്തിക്കൊന്നത്. മറ്റ് രണ്ട് കുട്ടികളെക്കാള്‍ ഭര്‍ത്താവ് നാല് വയസുകാരിയായ മുഷിയാരയെ സ്നേഹിക്കുന്നതാണ് സാനിമയെ ചൊടിപ്പിച്ചത്.
സാനിമയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയും നിലവിലെ ഭര്‍ത്താവിലുണ്ടായ മറ്റൊരു കുട്ടിയും ഇവരോടൊപ്പം തന്നെയായിരുന്നു താമസം. എന്നാല്‍ നാല് വയസുകാരിയായ മുഷിയാരയോടായിരുന്നു ഭര്‍ത്താവിന് ഏറെ സ്നേഹം. ഇത് ക്രൂരമായ കൊലപാതകത്തിലേയ്ക്ക് വഴിവെയ്ക്കുകയായിരുന്നു. നേരത്തെ ഇക്കാര്യത്തില്‍ യുവതി ഭര്‍ത്താവിനോട് പരാതി പറഞ്ഞെങ്കിലും തന്റെ കുഞ്ഞിനെയും കൂട്ടി ആദ്യ ഭര്‍ത്താവിന്റെ കൂടെ ജീവിക്കൂ എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി.
ഇതോടെ നാല് വയസ്സുകാരിയോട് രണ്ടാനമ്മയ്ക്ക് പക വര്‍ധിക്കുകയായിരുന്നു. കുട്ടിയുടെ നെഞ്ചില്‍ തുടര്‍ച്ചയായി പേന കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ യുവതി ശ്രമിച്ചിരുന്നു. പക്ഷേ, നെഞ്ചില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ ഉടന്‍തന്നെ മരണംസംഭവിക്കുകയായിരുന്നു. പേന കൊണ്ടുള്ള കുത്തേറ്റതിന് പുറമേ കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോലീസ് പറഞ്ഞു.
Discussion about this post