ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് ഗുരുവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശത്തിലെ അണുബാധ വര്‍ധിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഓക്സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയിലെ രാജീവ്ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സത്യേന്ദര്‍ ജെയിനിനെ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി സകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 16-ന് തുടര്‍ച്ചയായി പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദര്‍ ജെയിനിന് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് പോസിറ്റീവായ വിവരം ജൂണ്‍ 17-ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ജൂണ്‍ 14ന് അമിത് ഷാ വിളിച്ചുചേര്‍ത്ത ഡല്‍ഹിയിലെ കൊവിഡ് അവലോകന യോഗത്തില്‍ സത്യേന്ദര്‍ ജെയിനും പങ്കെടുത്തിരുന്നു. ശേഷം കൊവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു, പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.
Discussion about this post