ഗുവാഹട്ടി: എച്ച്ഐവി ബാധിച്ച് ജീവിതകാലം കണ്ണീര് ഒഴുക്കി കളയാന്‍ ചെറുപ്പക്കാരനായ പ്രദീപിന് കഴിയില്ല. എന്തെന്നാല്‍ വിധിയോട് പോരാടി വിജയത്തിലേയ്ക്ക് മുന്നേറുന്ന തിരക്കിലാണ് ഇദ്ദേഹം. എയ്ഡ്സ് ബാധിച്ച് എല്ലാവരാലും പുറന്തള്ളപ്പെട്ട് നരകയാതന അനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് പ്രത്യാശയും ആത്മഹവിശ്വാസവുമാണ് പ്രദീപ്. ഞാന്‍ എച്ച്ഐവി ബാധിതനാണ് എന്ന് പറയുമ്പോള്‍ തന്നെ അതിന് എന്താണെന്ന് ചോദിക്കാനും പ്രദീപിന് മടിയില്ല.
2017 ല്‍ മിസ്റ്റര്‍ മണിപ്പൂരിയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രദീപ് കുമാര്‍ താന്‍ എയ്ഡ്സ് ബാധിതനാണെന്ന് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്. 2000 ത്തിലാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത്. മയക്കുമരുന്നിന് അടിമയായിരുന്ന കാലത്ത് മറ്റൊരാള്‍ ഉപയോഗിച്ചിരുന്ന സിറിഞ്ച് ഉപയോഗിച്ചതോടെയാണ് പ്രദീപ്കുമാര്‍ എച്ച്ഐവി ബാധിതാനായത്. ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി തുടങ്ങിയ ബോഡി ബില്‍ഡിങ് പിന്നീട് ജീവിതത്തില്‍ വഴിത്തിരിവായി.
2012ല്‍ മിസ്റ്റര്‍ ദക്ഷിണേഷ്യ കിരീടവും അതേ വര്‍ഷം തന്നെ മിസ്റ്റര്‍ വേള്‍ഡ് മത്സരത്തില്‍ വെങ്കല മെഡലും പ്രദീപ്കുമാര്‍ സ്വന്തമാക്കി. പിന്നാലെ അദ്ദേഹം എച്ച്ഐവി എയ്ഡ്സിനെതിരായ ബോധവത്കരണം നടത്തുന്നതില്‍ സജീവമായി ഇടപെട്ടു. മണിപ്പൂര്‍ എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസിഡറായി അദ്ദേഹത്തെയാണ് തെരഞ്ഞെടുത്തത്. ഈ വര്‍ഷം ഓഗസ്റ്റിലാണ് പ്രദീപ്കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ജയന്ത് കാലിത എന്ന മാധ്യമപ്രവര്ത്തകന് ഒരു പുസ്തകം പുറത്തിറക്കിയത്. ഞാന്‍ എയ്ഡ്സ് ബാധിതനാണ്, അതിന് എന്താ? എന്നാണ് പുസ്തകത്തിന്റെ പേര്.
രോഗബാധിതനാണെന്ന് അറിഞ്ഞതു മുതല്‍ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു പ്രദീപ്. എയ്ഡ്സ് ബാധിതനാണെന്ന് അറിഞ്ഞതോടെ ആരോഗ്യം മെച്ചപ്പെടുത്താനുളള മാര്‍ഗങ്ങള്‍ മാത്രമായിരുന്നു അയാള്‍ തേടിയത്. കഠിന വ്യായാമങ്ങള്‍ ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ പ്രദീപിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ആ നിര്‍ദേശങ്ങള്‍ തള്ളി പ്രദീപ് ഭാരം എടുത്ത് ഉയര്‍ത്തുന്നതൊക്കെ തുടര്‍ന്നു. ബോഡ് ബില്‍ഡില്‍ സജീവമായ പ്രദീപ് 2006 നവംബര്‍ 26 -ന് മിസ്റ്റര്‍ മണിപ്പൂര്‍ മത്സരത്തില്‍ പങ്കെടുക്കുകയും 60 കിലോ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടുകയും ചെയ്തു.
Discussion about this post