തമിഴ്‌നാടിനെ വലിഞ്ഞുമുറുക്കി കൊവിഡ്; ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകന് കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാടിനെ വലിഞ്ഞു മുറുക്കി കൊവിഡ് 19. ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ധര്‍മ്മപുരിയിലും ചെന്നൈയിലും സര്‍ക്കാരിന്റെ കൊവിഡ് സഹായ വിതരണത്തിന് മുന്നിലുണ്ടായിരുന്ന മന്ത്രി കൂടിയായിരുന്നു അന്‍പഴകന്‍. കഴിഞ്ഞ ദിവസം അണ്ണാഡിഎംകെയുടെ ഒരു എംഎല്‍എയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

അതേസമയം തമിഴ്നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലേറെപ്പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 2141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 52334 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ വൈറസ് ബാധമൂലം മരിച്ചത് 49 പേരാണ്. ഇതോടെ വൈറസ് ബാധമൂലം തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 625 ആയി ഉയര്‍ന്നു. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ 23,065 പേരാണ് ചികിത്സയിലുള്ളത്. 28,641 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലാണ് ഇന്ന് മുതല്‍ ജൂണ്‍ 30 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version