മുംബൈ: ശമനമില്ലാതെ മഹാരാഷ്ട്രയില്‍ കോവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,752 പേര്‍ക്കാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒരു ദിവസം സ്ഥിരീകരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്.
ഇതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,20,504 ആയി ഉയര്‍ന്നു. കോവിഡ്-19 മൂലം ഇതുവരെ 5,751 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം മാത്രം 100 പേരാണ് മരിച്ചത്. അതേസമയം, ഇതുവരെ 60,838 പേര് രോഗമുക്തി നേടിയിട്ടുണ്ടെന്ന വാര്‍ത്ത അല്‍പ്പം ആശ്വാസം പകരുന്നു.
കഴിഞ്ഞ ദിവസം 1,672 പേരാണ് രോഗമുക്തി നേടിയതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈയിലെ ധാരാവിയില്‍ പുതുതായി 28 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ കോവിഡ് രോഗികളുടെ എണ്ണം 2,134 ആയി. ഇതുവരെ 78 പേരാണ് മരിച്ചത്.
ഗുജറാത്തിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 510 പുതിയ കേസുകളും 31 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 25,660 ആയി. ഇതില്‍ 17,829 പേര് രോഗമുക്തി നേടി. 1,592 പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടമായത്.
Discussion about this post