ആളുമാറി കോലം കത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍: ചൈനീസ് പ്രസിഡന്റിന് പകരം കിം ജോങ് ഉന്നിന്റെ കോലം കത്തിച്ചു; വൈറലായി വീഡിയോ

കൊല്‍ക്കത്ത: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിന്റെ കോലം കത്തിക്കുന്നതിന് പകരം ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധം.

ബംഗാളിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് പറ്റിയ ഈ വന്‍ അബദ്ധം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. ചൈനയോടുള്ള ദേഷ്യം തീര്‍ക്കാനാണ് പ്രവര്‍ത്തകര്‍ തെരുവില്‍ റാലി നടത്തിയത്. ചൈനാ ബഹിഷ്‌കരണം ആഹ്വാനം ചെയ്തുകൊണ്ടുള്ള മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ കോലവും കത്തിച്ചു. ചൈനീസ് പ്രസിഡന്റിന്റെ കോലത്തിന് പകരം ആളുമായി ഉത്തരകൊറിയന്‍ ഏകാധിപതിയായെന്നുമാത്രം.

ബിജെപിയുടെ മാസ്‌ക് ധരിച്ചെത്തിയ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത് വീഡിയോയില്‍ കാണാം. ചൈനീസ് ‘പ്രധാനമന്ത്രി കിങ് ജോങിന്റെ’ കോലം കത്തിക്കാന്‍ പോവുകയാണെന്നും പ്രവര്‍ത്തകന്‍ പറയുന്നുണ്ട്.

ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലാകെ ചൈനാ വിരുദ്ധ തരംഗം അലയടിക്കുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങളുയര്‍ന്നുകഴിഞ്ഞു. #BoycottChina, #BoycottMadeinChina, #BoycottChineseProducts തുടങ്ങിയ ഹാഷ്ടാഗുകളും സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങാവുകയാണ്.

Exit mobile version