ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്ന് സിനിമ-കായിക താരങ്ങള്‍ നിര്‍ദേശവുമായി രാജ്യത്തെ ഏറ്റവും വലിയ വ്യാപാരി സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ്. ‘ബോയ്ക്കോട്ട് ചൈന’ പ്രചാരണത്തിന്റെ ഭാഗമായാണ് സിഎഐടി പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ശില്‍പ ഷെട്ടി, മാധുരി ദീക്ഷിത്, മഹേന്ദ്ര സിങ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സോനു സൂദ് എന്നിവരോട് ഈ ക്യാംപെയിന്റെ ഭാഗമാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ചൈനീസ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന ബോളിവുഡ് താരങ്ങളോട് അത് അവസാനിപ്പിക്കാന്‍ നിര്‍ദേശവും നല്‍കി.
ഈ പട്ടിക വളരെ നീണ്ടതാണ്. അതില്‍ വിവോ പരസ്യത്തില്‍ അഭിനയിക്കുന്ന ആമിര്‍ ഖാന്‍, സാറ അലി ഖാന്‍ എന്നിവര്‍ക്ക് പുറമെ വിരാട് കോലി, ദീപിക പദുകോണ്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, റാപ്പര്‍ ബാദ്ഷാ, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിങ്, സല്‍മാന്‍ ഖാന്‍, ശ്രദ്ധ കപൂര്‍, ആയുഷ്മാന്‍ ഖുറാന തുടങ്ങിയവരുണ്ട്. വ്യാപാര രംഗത്ത് ഇന്ത്യയുടെ രണ്ടാമത്തെ വലിയ പങ്കാളി ചൈനയാണ്. എന്നാല്‍ രണ്ട് മാസമായി അതിര്‍ത്തിയില്‍ തുടരുന്ന അസ്വസ്ഥകളില്‍ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.