ചൈനീസ് ടിവികളും മൊബൈല്‍ ഫോണുകളും കൂട്ടത്തോടെ നശിപ്പിച്ചും ചൈന വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയും ഗുജറാത്തില്‍ പ്രതിഷേധം; ചൈനീസ് ഉത്പന്ന സാധനങ്ങള്‍ ബഹിഷ്‌ക്കരിക്കാനും ആഹ്വാനം

ഗുജറാത്ത്: അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന് 20 ജവാന്മാര്‍ ധീരമരണം വരിച്ചതില്‍ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നു. ചൈനീസ് ടെലിവിഷന്‍ സെറ്റുകള്‍ കെട്ടിടത്തിന് പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഗുജറാത്തിലെ ജനങ്ങള്‍.

ആളുകള്‍ കൂട്ടം കൂടിനിന്നാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചത്. ചൈനക്കും ചൈനീസ് സൈനികര്‍ക്കുമെതിരെ ഇവര്‍ മുദ്രാവാക്യവും മുഴക്കി, ഭാരത് മാതാ കീ ജയ് വിളിച്ചു. ചൈനീസ് മൊബൈലുകളടക്കം ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വരുംദിവസങ്ങളിലും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനു പുറമെ, ജമ്മുവിലും ചൈനീസ് വിരുദ്ധ പ്രതിഷേധം നടന്നിരുന്നു. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന അവകാശവാദം ഉന്നയിച്ചതോടെ അതിര്‍ത്തിയിലെ സ്ഥിതി സങ്കീര്‍ണമായിരിക്കുകയാണ്. ചൈനയുടെ ഭാഗത്തു നിന്നുണ്ടായ ആസൂത്രിത നീക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാജ്യം ഇന്ന് യാത്രാ മൊഴി നല്‍കും.

Exit mobile version