ചെന്നൈ: കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി മണിക്കൂറുകളോളം മറ്റ് രോഗികള്‍ക്കൊപ്പം കിടത്തിയതായി പരാതി. തമിഴ്നാട്ടിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ഇതിന്റെ ചിത്രം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം അഞ്ച് മണിക്കൂറിലേറെ മറ്റ് രോഗികള്‍ക്കൊപ്പം കിടത്തിയെന്നാണ് പരാതി. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയിലും മറ്റും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ഇതോടെ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം പുറത്തുവന്നതിന് പിന്നാലെ ആശുപത്രി അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തി. സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് രോഗം ബാധിച്ച് മരണപ്പെട്ടരോഗിയുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി മോര്‍ച്ചറിയിലേക്ക് മാറ്റണമെന്നാണ്.
എന്നാല്‍ മരിച്ചയാളെ വാര്‍ഡില്‍ നിന്ന് മാറ്റുന്ന സമയത്ത് ആരോ പകര്‍ത്തിയ ചിത്രമായിരിക്കാം പ്രചരിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രണ്ട് മണിക്കൂറിനുള്ളില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
രാവിലെ 8 മണിക്കാണ് രോഗി മരിച്ചത്. പത്ത് മണിക്കുള്ളില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി . വൈകീട്ട് 5.30നാണ് മൃതദേഹം സംസ്കരിച്ചെന്നും കൊവിഡ് വാര്‍ഡിന്റെ ചുമതലയുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു. കോര്പ്പറേഷന്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സംസ്കരിക്കേണ്ടതിനാലാണ് കാലതാമസം വന്നതെന്നും ഡോക്ടര്‍ അറിയിച്ചു. മൃതദേഹം മാറ്റുന്നതിനിടെ രോഗികളില്‍ ചിലര്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതാവാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Discussion about this post