ഇംഫാൽ: മണിപ്പൂരിലെ ബിജെപി സർക്കാരിനെ താഴെ വീഴ്ത്താൻ തന്ത്രങ്ങളുമായി കോൺഗ്രസ്. ബിജെപി എംഎൽഎമാർ രാജിവെച്ച് കോൺഗ്രസിനൊപ്പം പോയതോടെ മണിപ്പൂരിലെ ബിജെപി സർക്കാർ വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെയാണ് സർക്കാർ രൂപവത്കരിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് മുന്നോട്ട് പോകുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ മണിപ്പൂരിൽ ഉടൻ പുതിയ സർക്കാർ അധികാരത്തിലേറുമെന്ന് പാർട്ടി നേതാവും വക്താവുമായ നിങ്കോമ്പം ബൂപേന്ദ മൈതേ അറിയിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലാകും മണിപ്പൂരിൽ പുതിയ സർക്കാർ വരികയെന്ന് നിങ്കോമ്പം ബൂപേന്ദ മൈതേ അറിയിച്ചു. മുഖ്യമന്ത്രി ബിരേൻസിങിനോട് വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട് പ്രതിപക്ഷ പാർട്ടികൾ. ഇക്കാര്യം ആവശ്യപ്പെട്ടുക്കൊണ്ട് കോൺഗ്രസ് നേതാക്കൾ ഇന്ന് ഗവർണറെ കണ്ടേക്കും.
ബിജെപിയുടെ മൂന്ന് എംഎൽഎമാർ രാജിവെച്ച് കോൺഗ്രസിൽ ചേരുകയും മറ്റ് ആറ് എംഎൽഎമാർ ബിരേൻസിങ് സർക്കാരിന് നൽകിയ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് ബിജെപി പ്രതിസന്ധിയിലായത്. മൂന്ന് മന്ത്രിമാരുൾപ്പെടെ നാഷണൽ പീപ്പിൾസ് പാർട്ടിയിലെ (എൻപിപി) നാല് എംഎൽഎമാരും ഒരു തൃണമൂൽ എംഎൽഎയും ഒരു സ്വതന്ത്ര എംഎൽഎയുമാണ് പിന്തുണ പിൻവലിച്ചത്. 60 അംഗ നിയമസഭയിൽ 30 എംഎൽഎമാരായി കുറഞ്ഞതോടെ എൻഡിഎ സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായിരിക്കയാണ്. സർക്കാരിന് പിന്തുണ പിൻവലിച്ച എംഎൽഎമാരെ കോൺഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2017ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ മറികടന്നാണ് ബിജെപി സർക്കാർ രൂപവത്കരിച്ചത്. കോൺഗ്രസ് 28 സീറ്റ് നേടിയിരുന്നു. എന്നാൽ 21 സീറ്റ് നേടിയ ബിജെപി നാഗാ പീപ്പീൾസ് പാർട്ടിയുടെയും എൻപിപിയുടെയും എൽജെപിയുടെയും പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു.
Discussion about this post