ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ആദ്യഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതുവരെ ഘട്ടംഘട്ടമായി അഞ്ച് തവണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഓരോ തവണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോഴും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രാജ്യത്ത് പലസംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോഡി നിഷേധിച്ചു.
രാജ്യത്ത് വീണ്ടും ഒരു ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോക്ഡൗണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങള്‍ കോവിഡ് രോഗപരിശോധന വര്‍ധിപ്പിക്കണം. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപെടുത്തണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടച്ചുപൂട്ടല്‍ ഇളവുകള്‍ നല്കിയ ഇടങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിമാരുമായുള്ള രണ്ടാം ഘട്ട ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടുതല്‍ രോഗ തീവ്രതയുള്ള 14 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും പ്രതിനിധികളുമായിരുന്നു.
Discussion about this post