വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ, കുടുംബാംഗത്തിന് ജോലിയും; പ്രഖ്യാപിച്ച് മമത ബാനര്‍ജി

Mamta Banerjee | Bignewslive

കൊല്‍ക്കത്ത: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ട്വിറ്ററിലൂടെയാണ് മമത ധനസഹായം പ്രഖ്യാപിച്ചത്. വീരമൃത്യു വരിച്ച രാജേഷ് ഒറാങ്ക്, ബിപുല്‍ റോയ് എന്നിവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും അടുത്ത ബന്ധുക്കളിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മമത അറിയിച്ചു.

രാജ്യത്തിന് വേണ്ടിയുള്ള അവരുടെ ത്യാഗത്തിന് പകരംവെയ്ക്കാന്‍ മറ്റൊന്നും സാധിക്കില്ല. ഈ പ്രതിസന്ധിഘട്ടത്തില്‍ സൈനികരുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്നും മമത ട്വീറ്റ് ചെയ്തു. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കേണല്‍ ഉള്‍പ്പെടെ 20 സൈനികരാണ് കൊല്ലപ്പെട്ടത്.

തമിഴ്നാട്ടില്‍നിന്നുള്ള സൈനികന്‍ ഹവില്‍ദാര്‍ കെ പളനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അടുത്ത ബന്ധുക്കളിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പ്രഖ്യാപിച്ച് മമതാ ബാനര്‍ജിയും രംഗത്തെത്തിയത്.

Exit mobile version