ന്യൂഡല്‍ഹി: യുവ ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന് സല്മാന് ഖാന്, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍, സംവിധായകന് സഞ്ജയ് ലീല ബന്‍സാലി, നിര്‍മാതാവ് ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരേ കേസ്.
സെക്ഷന്‍ 306, 109, 504, 506 വകുപ്പുകള്‍ ചുമത്തിയാണ് അഭിഭാഷകന് സുധീര്‍ കുമാര്‍ ഓജ ബീഹാര്‍ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. സുശാന്തിനെ ഏഴോളം സിനിമകളില്‍ നിന്ന് പുറത്താക്കാനും അദ്ദേഹത്തിന്റെ ചില സിനിമകളുടെ റീലീസുകള്‍ക്ക് തടസ്സം വരുത്തുവാനും ഇവര്‍ ശ്രമിച്ചുവെന്ന് സംശയിക്കുന്നതായി സുധീര്‍ കുമാര്‍ ആരോപിക്കുന്നു.
ഇതേതുടര്‍ന്നാണ് സുശാന്ത് മാനസികപ്രശ്നങ്ങളില്പ്പെട്ടതെന്നും ഇതാണ് നടനെ ആത്മഹത്യയിലേക്ക് ചെന്നെത്തിച്ചതെന്നും സുധീര്‍ കുമാര്‍ പറയുന്നു. ഞായറാഴ്ചയാണ് സുശാന്തിനെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ അകാല വിയോഗം സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം തളര്‍ത്തി.
സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സുശാന്ത് നല്ല കുറേ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് അംഗീകാരം കിട്ടിയില്ലെന്നും പല സിനിമകള്‍ക്കും പ്രതിഫലവും ലഭിച്ചില്ലെന്നും നടി കങ്കണ റണാവത് തുറന്നടിച്ചു.
കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാല്‍ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും ഹെയര്‍സ്റ്റൈലിസ്റ്റ് സപ്ന ഭവാനി ആരോപിച്ചു.
Discussion about this post