കൊവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി ആശുപത്രിയില്‍; രോഗ ലക്ഷണം പ്രകടിപ്പിച്ചത് അമിത് ഷാ വിളിച്ച യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെ

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനെ കൊവിഡ് നിരീക്ഷണത്തിലാക്കി. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. പരിശോധനാഫലം കാത്തിരിക്കുകയാണ്.

അതെസമയം കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ സത്യേന്ദര്‍ ജയിന്‍ പങ്കെടുത്തിരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. അമിത് ഷാക്ക് പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേന്ദ്രആരോഗ്യമന്ത്രി ഡോ ഹര്ഷവര്‍ധന്‍, ഡല്‍ഹി ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി മറ്റു മന്ത്രിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തിരുന്നു.

അരവിന്ദ് കെജരിവാളിനൊപ്പം കാറിലാണ് ജെയിന്‍ യോഗത്തില് പങ്കെടുക്കാന്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്. നേരത്തെ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അരവിന്ദ് കെജരിവാളിനെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയിരുന്നു. നെഗറ്റീവായിരുന്നു പരിശോധനാ ഫലം.

Exit mobile version