ന്യൂഡൽഹി: കൊവിഡ് വ്യാപനം രാജ്യതലസ്ഥാനത്ത് ശക്തമായതോടെ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റീലോക്ക് ഡൽഹി മുറവിളി സോഷ്യൽമീഡിയയിൽ ശക്തമായതിനിടെ നിലപാട് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി. ഡൽഹിയിൽ ഇനിയൊരു ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വ്യക്തമാക്കി. ട്വീറ്റിലൂടെയാണ് കെജരിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ, രാജ്യതലസ്ഥാനത്ത് കൊവിഡ്19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും കൊവിഡ്19 നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിലെ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സർവകക്ഷിയോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇനി ലോക്ക്ഡൗൺ നടപ്പാക്കില്ലെന്ന് കെജരിവാൾ വ്യക്തമാക്കിയത്.
ജൂൺ എട്ടു മുതൽ കടകളും വാണിജ്യ സമുച്ചയങ്ങളും ഓഫീസുകളും ഡൽഹിയിൽ തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. നിയന്ത്രണങ്ങളോടെ പൊതുഗതാഗതവും അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ കൊവിഡ് കേസുകൾ വർധിക്കുകയും ചെയ്തിരുന്നു.
ഇനി മറ്റൊരു ലോക്ക്ഡൗൺ ഡൽഹിയിൽ നടപ്പാക്കിയേക്കുമെന്ന വിധത്തിൽ പല ആളുകളും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അത്തരത്തിൽ യാതൊരു പദ്ധതിയുമില്ല കെജ്രിവാൾ ട്വീറ്റിൽ വ്യക്തമാക്കി. ഡൽഹിയിൽ ഇതിനോടകം 41,000ൽ അധികം ആളുകൾക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാംസ്ഥാനത്താണ് ഡൽഹിയുള്ളത്.
Discussion about this post