ചെന്നൈ: തമിഴ്നാട്ടില്‍ അനുദിനം കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് തമിഴ്നാട്ടിലെ പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം. കഴിഞ്ഞ മൂന്ന് ദിവസമായി ഇത് 1900ത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഇതുവരെ 44661 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ മരിച്ചത് 38 പേരാണ്. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണ സംഖ്യയാണിത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 435 ആയി ഉയര്‍ന്നു. ഇതില്‍ 347 മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. 31896 പേര്‍ക്കാണ് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്.
അതേസമയം വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. അതിന് മുമ്പായി കൊവിഡ് പ്രതിരോധ വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കുന്നുണ്ട്.
Discussion about this post