ബംഗളൂരു: താലികെട്ടുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വരന്റെ വാട്‌സ്ആപ്പിലേക്ക് വന്നത് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ഫോട്ടോകള്‍. പിന്നെ ഒന്നുംനോക്കിയില്ല, നിന്നനില്‍പ്പില്‍ കല്യാണത്തില്‍ നിന്ന് വരന്‍ പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുമ്പോള്‍ അതാ വരുന്നു വാട്‌സ്ആപ്പ് ചിത്രത്തിലെ നായകന്‍.
താലിയും കൊണ്ട് മണ്ഡപത്തിലെത്തിയ യുവാവ് ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് മനസ്സുതുറക്കുകയും ചെയ്തു. ഇതോടെ ബന്ധുക്കള്‍ പ്രകോപിതരായെങ്കിലും തടയാനെത്തിയത് വധുതന്നെ. ഒടുവില്‍ വാട്‌സ്ആപ്പ് നായകന്‍ തന്നെ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി.
ഹാസന്‍ ജില്ലയിലെ ശക്ലേഷ്പുര്‍ താലൂക്കിലെ കല്യാണ മണ്ഡപത്തിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവാവുമായി ശക്ലേഷ്പുര്‍ സ്വദേശിയായ യുവതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുകയായിരുന്നു. പ്രണയത്തെക്കുറിച്ച് യുവതി വീട്ടുകാരോട് പറഞ്ഞെങ്കിലും വിവാഹവുമായി മുന്നോട്ടുപോകാനായിരുന്നു വീട്ടുകാരുടെ തീരുമാനം. ഇക്കാര്യം വിവാഹം നിശ്ചയിച്ച യുവാവുമായി സംസാരിക്കാനും വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതോടെയാണ് യുവതിയും കാമുകനും ചേര്‍ന്ന് തീരുമാനമെടുത്തത്. അതേസമയം, യുവതിക്കും വീട്ടുകാര്‍ക്കുമെതിരോ പോലീസില്‍ പരാതി നല്‍കാനാണ് വീട്ടുകാര്‍ നിശ്ചയിച്ച വരന്റെ തീരുമാനം.