ഡെറാഡൂണ്‍: പത്ത് ദിവസത്തിനകം ഉത്തരാഖണ്ഡിലെ മുഴുവന്‍ ജനങ്ങളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. പത്ത് ദിവസത്തിനകം എല്ലാ ജില്ലകളിലെയും ജനങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നിര്‍ദ്ദേശം ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. കൊവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ പരിശോധന. നേരത്തേ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തരാഖണ്ഡില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആറുമാസം തടവും 5000 രൂപ പിഴയും ചുമത്തിയിരുന്നു.
ആശ വര്‍ക്കര്‍മാരുടെയും അംഗണവാടികളുടെയും സഹായത്തോടെയാവും ഉദ്യോഗസ്ഥര്‍ ജനങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കുക. അതേസമയം ഏതെങ്കിലും കൊവിഡ് രോഗി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ജില്ലാ മജിസ്ട്രേറ്റിനായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വൈറസ് ബാധമൂലം മരിച്ചവരുടെ ശവസംസ്കാരം നടത്തുന്ന കാര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടപടികള്‍ സ്വീകരിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം 31 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1816 ആയി ഉയര്‍ന്നു.
Discussion about this post