മുംബൈ: ലാഗോസിൽ നിന്നും മുംബൈയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരൻ അസാധാരണമായ സാഹചര്യത്തിൽ മരിച്ചതായി ആക്ഷേപം. ലാഗോസിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ വെച്ച് 42കാരനായ യാത്രക്കാരൻ മരിച്ച സംഭവത്തിലാണ് എയർ ഇന്ത്യയ്ക്ക് എതിരെ ചോദ്യങ്ങളുയരുന്നത്.
മരിച്ച യാത്രികൻ വിമാനത്തിൽ വിറച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. എയർഇന്ത്യ ക്രൂ അന്വേഷിച്ചപ്പോൾ തനിക്ക് മലേറിയ ഉണ്ടെന്ന് ഇയാൾ പറഞ്ഞു. ഇയാൾക്ക് ശ്വസന പ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് വിമാന ജീവനക്കാർ ഓക്‌സിജൻ നൽകിയെന്നും പറയുന്നു. മരിക്കുന്നതിന് മുമ്പായി യാത്രക്കാരന് വായിലൂടെ രക്തം വന്നിരുന്നതായും റിപ്പോർട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ ഇന്ന് പുലർച്ച 3.40 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്.
അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷയും പരിശോധനയും കർശ്ശനമാക്കിയിരിക്കെ പനി ബാധിച്ച യാത്രികന് എങ്ങനെ വിമാനത്തിനുള്ളിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചു എന്നത് സംബന്ധിച്ച് ചോദ്യങ്ങളുയരുന്നത്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ തെർമൽ സ്‌ക്രീനിങ് ഉൾപ്പടെയുളള പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിക്കുന്നത്. അതിനാൽ തന്നെ യാത്രക്കാരന്റെ മരണം തെർമൽ സ്‌ക്രീനിങ്ങിനെ കുറിച്ചുളള ആക്ഷേപങ്ങളാണ് ഉയർത്തുന്നത്.
എന്നാൽ, യാത്രക്കാരന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് എയർഇന്ത്യയുടെ പ്രതികരണം. ഇയാൾക്ക് പനിയുണ്ടായിരുന്നുവെന്ന റിപ്പോർട്ടും നിഷേധിച്ചു. പനി ഉണ്ടായിരുന്നെങ്കിൽ തങ്ങളുടെ മെഡിക്കൽ സ്‌ക്രീനിങ് ടീം ഇത് കണ്ടെത്തുമായിരുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു. ഇത്തരമൊരു സാഹചര്യമായതിനാൽ പരിശീലനം ലഭിച്ച ഡോക്ടറും ഞങ്ങളുടെ ക്രൂവിനൊപ്പമുണ്ടായിരുന്നു. 42കാരന്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ശ്രമം വിജയിച്ചില്ലെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം വിമാനത്തിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതായും നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.