ന്യൂഡൽഹി: കൊവിഡ് 19 രോഗം സ്ഥിരീകരിച്ചെന്ന പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ട്വീറ്റിന് മറുപടിയുമായി കേന്ദ്രമന്ത്രി പ്രതാപ്ചന്ദ്ര സാരംഗി. അഫ്രീദിയോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഇന്ത്യയുടെയും സഹായം തേടാനാണ് കേന്ദ്രമന്ത്രി നിർദേശിച്ചിരിക്കുന്നത്.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് ഷാഹിദ് അഫ്രീദി ഇട്ട ട്വീറ്റിന് താഴെയാണ് കേന്ദ്രമന്ത്രി കമന്റിട്ടിട്ടുള്ളത്. ‘പാകിസ്താനിലെ ഓരോ ആശുപത്രിയുടെയും എല്ലാ വിശദാംശങ്ങളും എനിക്കറിയാം. കോവിഡ്19 ചികിത്സിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മോഡിജിയുടെ സഹായം സ്വീകരിക്കുക’ പ്രതാപ് ചന്ദ്ര സാരംഗി അഫ്രീദിയുടെ ട്വീറ്റിന് താഴെയായി പ്രതികരിച്ചു.
‘വ്യാഴാഴ്ച മുതൽ എനിക്ക് ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പരിശോധിച്ചപ്പോൾ കൊവിഡ് ആണെന്ന് തെളിഞ്ഞു. വേഗത്തിൽ സുഖപ്പെടാൻ പ്രാർഥിക്കണം’ ഇതായിരുന്നു അഫ്രീദിയുടെ ട്വീറ്റ്. പാകിസ്താനിൽ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. തൗഫീഖ് ഉമർ, സഫർ സർഫറാസ് എന്നിവർക്കാണ് നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചത്.
മൃഗസംരക്ഷണം, ക്ഷീര, മത്സ്യബന്ധനം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് പ്രതാപ് സിങ് സാരംഗി.