ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു, മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

മുംബൈ: കോവിഡിന്റെ പിടിയിലകപ്പെട്ടിരിക്കുന്ന മുംബൈയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രികളില്‍ 99 ശതമാനം അത്യാഹിത വിഭാഗവും രോഗികളെക്കൊണ്ട് നിറഞ്ഞതായി അധികൃതര്‍ പറയുന്നു. വെന്റിലേറ്ററുകള്‍ 94 ശതമാനവും ഉപയോഗത്തിലാണെന്നും ബൃഹന്മുബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

മുംബൈ നഗരത്തില്‍ മാത്രം 56,831 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധിച്ചത്. 2,113 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച മാത്രം 1380 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 69 മരണവുമുണ്ടായി. രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നതോടെ ആശുപത്രികളും നിറഞ്ഞുകവിഞ്ഞു.

മുംബൈയിലെ ആശുപത്രികളിലെ ഐസിയുകളില്‍ എല്ലാംകൂടി 1181 കിടക്കകളാണുണ്ടായിരുന്നത്. ഇതില്‍ 1167 എണ്ണവും ഇപ്പോള്‍ ഉപയോഗത്തിലാണെന്ന് അധികൃതര്‍ പറയുന്നു 14 കിടക്കകള്‍ മാത്രമാണ് ശേഷിക്കുന്നത്. 530 വെന്റിലേറ്ററുകള്‍ ഉള്ളതില്‍ 497 എണ്ണവും ഉപയോഗത്തിലാണ്.

മുംബൈയിലെ കോവിഡ് ആശുപത്രികളിലും കോവിഡ് ആരോഗ്യകേന്ദ്രങ്ങളിലുമായി ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള 10,450 കിടക്കകളില്‍ 9,098 കിടക്കകളും ഇപ്പോള്‍ ഉപയോഗത്തിലാണ്. ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനം 5260 എണ്ണത്തില്‍ 3986 എണ്ണവും ഉപയോഗത്തിലാണെന്നും മുനിസിപ്പല്‍ അധികൃതര് വ്യക്തമാക്കി.

Exit mobile version