ചെന്നൈ: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി ജീവനുള്ള മീന്‍ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഹൊസൂര്‍ പാര്‍വതി നഗറില്‍ താമസിക്കുന്ന എസ്. വെട്രിവേലാണ് മരിച്ചത്. 22 വയസ്സായിരുന്നു. യുവാവ് മദ്യലഹരിയിലാണ് മീന്‍ വിഴുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. കെട്ടിടനിര്‍മാണ തൊഴിലാളിയായ വെട്രിവേല്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാനായാണ് തടാകത്തിലെത്തിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. ഇതിനിടയിലാണ് പിടികൂടിയ മത്സ്യത്തെ വിഴുങ്ങി അതിന്റെ വീഡിയോ ടിക്ടോക്കിലിടാമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞത്.
ഇതോടെ വെട്രിവേല്‍ മീന്വിഴുങ്ങാമെന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ വെട്രിവേല്‍ മീന്‍ വിഴുങ്ങി. സുഹൃത്തുക്കള്‍ ഇതിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോള്‍തന്നെ യുവാവ് ശ്വാസംകിട്ടാതെ ഗുരുതരനിലയിലായി. ഇത് കണ്ട് സുഹൃത്തുക്കള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ച് നിന്നു.
പിന്നീട് അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ ചിത്രീകരണം ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ യുവാവിനെ ഹൊസൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അതിനകംതന്നെ മരിച്ചതായി ഹൊസൂര്‍ ടൗണ്‍ പോലീസ് പറഞ്ഞു.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്കി.
Discussion about this post