ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല യാത്രാനിരോധനം നീക്കി കേന്ദ്ര സര്‍ക്കാര്‍. രാതി 9 മുതല്‍ രാവിലെ 5 വരെ ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിരോധനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച പിന്‍വലിച്ചു.
പുതിയ ഉത്തരവനുസരിച്ച് ദേശീയ പാതകളില്‍ ബസ്, ചരക്ക് വാഹനങ്ങള്‍ എന്നിവയുടെ രാത്രി യാത്ര അനുവദിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തിന് ശേഷമാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.
റെയില്‍വെ സ്റ്റേഷനുകളില്‍ ഇറങ്ങി വീട്ടിലേക്ക് പോകുന്നവരെയും തടയരുതെന്നും നിര്‍ദ്ദേശമുണ്ട്. അവശ്യ പ്രവര്‍ത്തനങ്ങള്‍ ഒഴികെ രാത്രി 9 നും രാവിലെ 5നും ഇടയിലുള്ള യാത്ര നിരോധിച്ചുകൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.
ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കുകയെന്നതാണ് രാത്രികാല യാത്രാ നിരോധനത്തിലൂടെ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. ദേശീയ ശരാശരി 2.8 ശതമാനമെങ്കില്‍ അഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ശരാശരി നിരക്ക്.