നേപ്പാളില്‍ പോലീസ് ഉതിര്‍ത്ത വെടിയേറ്റ് ബിഹാര്‍ സ്വദേശിക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് പരിക്ക്

പാറ്റ്‌ന; നേപ്പാളില്‍ പോലീസ് ഉതിര്‍ത്ത വെടിയേറ്റ് ബിഹാര്‍ സ്വദേശിക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. സീതാമര്‍ഹി ജില്ലയോട് ചേര്‍ന്ന് അതിര്‍ത്തി പ്രദേശത്താണ് സംഭവം. ബിഹാറിലെ പിപ്ര പര്‍സന്‍ പഞ്ചായത്തിലെ ലാല്‍ബണ്ടി – ജാനകി നഗര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പൗരന്മാരും നേപ്പാള്‍ പോലീസും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെയ്പ്പ് ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

വികേഷ് കുമാര്‍ റായ് എന്ന 25കാരനാണ് മരിച്ചത്. ഉമേഷ് റാം, ഉദയ് താക്കൂര്‍ എന്നിവര്‍ക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റു. ഇരുവരും പാടത്ത് പണിയെടുക്കുകയായിരുന്നു. ലഗന്‍ റായ് എന്നയാളെ നേപ്പാള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ സിതാമര്‍ഹി സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വികേഷ് കുമാര്‍ റായിയുടെ പിതാവ് നാഗേശ്വര്‍ റായിയുടെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലം നേപ്പാള്‍ അതിര്‍ത്തിയിലെ നാരായണ്‍പുറിലാണ്. ഇവിടെ ജോലി ചെയ്യുമ്പോഴാണ് വികേഷിന് വെടിയേറ്റത്. മെയ് 17 ന് ഇതേ പ്രദേശത്ത് നേപ്പാള്‍ പോലീസ് ഉണ്ടയില്ലാ വെടി ഉതിര്‍ത്തിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഇന്ത്യാക്കാരെ തിരിച്ചയക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് പിന്നീട് ഇവര്‍ നല്‍കിയ വിശദീകരണം.

Exit mobile version