പുണെ: പുണെയില്‍ 55 കോടിയുടെ വ്യാജ കറന്‍സി പിടിച്ചെടുത്തു. സംഭവത്തില്‍ സൈനികന്‍ അടക്കം ആറുപേര്‍ പിടിയില്‍. പുണെ പോലീസും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 55 കോടി രൂപയിലേറെ മൂല്യമുള്ള വ്യാജ ഇന്ത്യന്‍ – വിദേശ കറന്‍സികള്‍ പിടിച്ചെടുത്തത്. വിമാന്‍ നഗര്‍ സഞ്ജയ് പാര്‍ക്കിലെ കെട്ടിടത്തില്‍നിന്നാണ് വ്യാജ കറന്‍സികള്‍ പിടിച്ചെടുത്തത്.
ബോംബെ സാപ്പേഴ്‌സിലെ ലാന്‍സ് നായിക് ഷെയ്ഖ് അലിം ഗുലാബ് ഖാനാണ് അറസ്റ്റിലായ സൈനികന്‍. ഇയാള്‍ എട്ടുവര്‍ഷമായി പുണെയിലെ ബോംബെ സാപ്പേഴ്‌സില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇയാളെക്കൂടാതെ പുണെയിലെ കൊണ്ടുവായില്‍നിന്നുള്ള സുനില്‍ ബദ്രിനാരായണ സര്‍ദ, നവി മുംബൈ കമോതെയില്‍നിന്നുള്ള റിതേഷ് രത്‌നാകര്‍, മുംബൈയിലെ മീര റോഡില്‍നിന്നുള്ള തുഹൈല്‍ അഹമ്മദ് മുഹമ്മദ് ഇഷാഖ് ഖാന്‍, അബ്ദുള്‍ ഗനി റഹ്മത്തുള്ള ഖാന്‍, ഇയാളുടെ മകന്‍ അബ്ദുള്‍ റഹ്മാന്‍ അബ്ദുല്‍ ഗനി ഖാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
2000, 500 രൂപകളുടെ വ്യാജ നോട്ടുകള്‍, ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് അടയാളപ്പെടുത്തിയ കളിനോട്ടുകള്‍, നിരോധിച്ച 1000 രൂപയുടെ നോട്ടുകള്‍, വ്യാജ യുഎസ് ഡോളര്‍, മൂന്നുലക്ഷം രൂപയുടെ യഥാര്‍ത്ഥ ഇന്ത്യന്‍ നോട്ടുകള്‍, യുഎസ് ഡോളര്‍, എയര്‍ ഗണ്‍, വ്യാജ രേഖകള്‍, രഹസ്യ ക്യാമറകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം വ്യാജനോട്ടുകള്‍ മുഴുവന്‍ എണ്ണി തിട്ടപ്പെടുത്താത്തതിനാല്‍ കണക്ക് ഇനിയും ഉയരുമെന്നാണ് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞത്. പിടിയിലായ സൈനികന്‍ ഷെയ്ഖ് അലിം ഗുലാബ് ഖാനാണ് 23,000 രൂപയ്ക്ക് ഈ കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് അഡീഷണല്‍ പോലീസ് കമ്മിഷണര്‍ (ക്രൈം) അശോക് മൊറാലെ പറഞ്ഞത്.