ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10,956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇത് ആദ്യമായാണ് ഒരുദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. ഇതോടെ ലോകത്ത് കൊവിഡ് വൈറസ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാമതെത്തി. യുഎസ്, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
24 മണിക്കൂറിനിടെ 396 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8498 ആയി ഉയര്‍ന്നു. 1,41,842 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,47,195 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
വൈറസ് ബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ മാത്രം ഒരു ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 3590 പേരാണ് ഇവിടെ മരിച്ചത്. 22032 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1385 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 34687 പേര്‍ക്ക് രോഗം ബാധിച്ച ഡല്‍ഹിയില്‍ 1085 മരണമാണുണ്ടായത്. 38716 പേര്‍ക്കാണ് തമിഴനാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. 349 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗുരുഗ്രാം, മുംബൈ, പാല്‍ഘര്‍, ചെന്നൈ, താനെ തുടങ്ങിയ 17 ജില്ലകളില്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രികള്‍ നിറഞ്ഞ് കവിയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതേസമയം ജൂണ്‍ മൂന്നിന് തന്നെ ഡല്‍ഹിയില്‍ ഐസിയു കിടക്കകള്‍ ഒഴിവില്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍. ഓക്സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ ജൂണ്‍ 25 ഓടെ നിറയുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിലയിരുത്തല്‍.
India reports the highest single-day spike of 10,956 new #COVID19 cases & 396 deaths in the last 24 hours. Total number of cases in the country now at 297535, including 141842 active cases, 147195 cured/discharged/migrated and 8498 deaths: Ministry of Health and Family Welfare pic.twitter.com/OM2YIgMfrO
— ANI (@ANI) June 12, 2020