ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. വൈറസ് ബാധമൂലം ഇതുവരെ രാജ്യത്ത് 8102 പേരാണ് മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നത്. റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് വൈറസ് വ്യാപനത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. റഷ്യയില്‍ 4.93 ലക്ഷവും ബ്രസീലില്‍ 7.72 ലക്ഷവും അമേരിക്കയില്‍ 20 ലക്ഷത്തിലേറെ കൊവിഡ് 19 കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തത്.
അതേസമയം കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ കൊവിഡ് ബാധിതരാകുമെന്നാണ് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ നഗരങ്ങളിലെ ചേരികളിലാണ് രോഗബാധ സാധ്യത കൂടുതലെന്നും സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമാകുമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്കി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. പുതുതായി 3607 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 97,648 ആയി. 24 മണിക്കൂറിനിടെ 152 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹരിയാനയില്‍ പുതുതായി 389 കേസും 12 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനില്‍ 238 കൊവിഡ് കേസും ആറ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post