ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആയിരത്തിലേറെ കൊവിഡ് മരണങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ മറച്ചുവെച്ചതായി വെളിപ്പെടുത്തി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഡല്‍ഹിയില്‍ ഇതുവരെ 2098 പേര്‍ വൈറസ് ബാധമൂലം മരിച്ചെന്നാണ് വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയ് പ്രകാശിന്റെ വെളിപ്പെടുത്തല്‍.
മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും പരിധിയില്‍ സംസ്‌കരിച്ച മൃതദേഹങ്ങളുടെ കണക്കുകള്‍ നിരത്തിയാണ് ജെയ് പ്രകാശിന്റെ വെളിപ്പെടുത്തല്‍. മാര്‍ച്ച്മുതല്‍ ജൂണ്‍ പത്തു വരെയുള്ള കണക്കില്‍ 2098 പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മരണസംഖ്യ ശേഖരിച്ച് മെയ് 17-ന് മൂന്നു കോര്‍പ്പറേഷനുകളും സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് യഥാര്‍ത്ഥ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെക്കുന്നതെന്ന് അറിയില്ലെന്നും ജെയ് പ്രകാശ് പറഞ്ഞു.
അതേസമയം രോഗവ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ കര്‍ശനമായ അടച്ചിടല്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ അനിര്‍ബാന്‍ മണ്ഡല്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി നല്‍കിയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ആരാധനാലയങ്ങളും മാളുകളും ഭക്ഷണശാലകളുമൊക്കെ തുറക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയുമൊക്കെ ചെയ്തതോടെ ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നെന്നാണ് പൊതുതാത്പര്യ ഹര്‍ജിയിലെ വാദം. അതുകൊണ്ട് തന്നെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കര്‍ശനമായ അടച്ചിടല്‍ ഏര്‍പ്പെടുത്താന്‍ ഉത്തരവിടണമെന്നാണ് ആവശ്യം.