ലഖ്നൗ: സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം മാലിന്യ വണ്ടിയില്‍ കയറ്റി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് മുനിസിപ്പല്‍ കോര്പ്പറേഷന് ജീവനക്കാര്‍. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലാണ് സംഭവം. സ്ഥലത്ത് ആംബുലന്‍സ് ലഭ്യമായിരുന്നുവെങ്കിലും കൊവിഡ് ബാധിച്ച് മരിച്ചയാളാവാം എന്നു കരുതിയാണ് ആരും സഹായത്തിന് എത്താതിരുന്നത്.
ബല്‍റാംപുര്‍ സ്വദേശിയായ മുഹമ്മദ് അന്‍വര്‍ (42) ആണ് മരിച്ചത്. പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസിലെത്തിയ അദ്ദേഹം പ്രവേശന കവാടത്തില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും മൂന്ന് മുനിസിപ്പല്‍ കോര്പ്പറേഷന് ജീവനക്കാരെയും സസ്പെന്റ് ചെയ്യുകയും ചെയ്തു.
പോലീസ് നോക്കിനില്‍ക്കെയാണ് കുഴഞ്ഞുവീണ് മരിച്ചയാളെ മൂന്ന് കോര്പ്പറേഷന് ജീവനക്കാര്‍ ചേര്‍ന്ന് മാലിന്യ വണ്ടിയില്‍ കയറ്റിയത്. മനുഷ്യത്വ രഹിതമായ സംഭവമാണ് നടന്നതെന്ന് ബല്‍റാംപുര്‍ ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു. കൊവിഡ് ഭീതിയും അജ്ഞതയും മൂലമാണ് ജനങ്ങള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് നല്‍കിയിരിക്കുന്ന വിശദീകരണം.
Discussion about this post