ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ മകളെ തിരഞ്ഞെത്തിയ പിതാവ് രണ്ടുപേരെ കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കാമുകന്റെ സഹോദരനും സുഹൃത്തും

ജയ്പുർ: ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിത്തിരിച്ച യുവതിയെ തേടിയെത്തിയ പിതാവ് കാമുകന്റെ വീട്ടിലെ രണ്ടുപേരെ കൊലപ്പെടുത്തി. രാജസ്ഥാൻ ജുൻജുനു സ്വദേശികളായ ദീപക്(20) നരേഷ്(19) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹരിയാണ മഹേന്ദ്രഘട്ട് സ്വദേശിയായ അനിൽ ജാട്ട്(40) ആണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

അനിൽ ജാട്ടിന്റെ മകളും വിവാഹിതയുമായ സുമൻ ഭർത്താവിനെ ഉപേക്ഷിച്ച് ജുൻജുനു സ്വദേശിയായ കൃഷ്ണ എന്നയാളോടൊപ്പം ദിവസങ്ങൾക്ക് മുമ്പാണ് ഒളിച്ചോടിയത്. സംഭവമറിഞ്ഞ അനിൽ കൃഷ്ണയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മകൾ തിരിച്ചെത്തിയില്ലെങ്കിൽ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞു. എന്നാൽ സുമനും കൃഷ്ണയും തിരികെ പോയില്ല. ഇതോടെയാണ് അനിൽ ഹരിയാണയിൽനിന്ന് ജുൻജുനുവിലേക്ക് തിരഞ്ഞെത്തിയത്.

തിങ്കളാഴ്ച അർധരാത്രിയോടെ കൃഷ്ണയുടെ വീട്ടിലെത്തിയ അനിൽ വീട്ടിലുണ്ടായിരുന്നവരെ അക്രമിക്കുകയായിരുന്നു. വീടിന്റെ ടെറസിൽ ഉറങ്ങികിടന്നിരുന്ന കൃഷ്ണയുടെ സഹോദരൻ ദീപക്കിനെയും സുഹൃത്ത് നരേഷിനെയും കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് പറഞ്ഞത്. അറസ്റ്റിലായ അനിൽ അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Exit mobile version