മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നു. കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3254 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 94041 ആയി. കഴിഞ്ഞദിവസം മാത്രം 149 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3438 ആയി ഉയര്‍ന്നു.
44,517 പേര്‍ രോഗമുക്തി നേടിയത് നേരിയ ആശ്വാസമേകുന്നു. മുംബൈയിലാണ് കൂടുതല്‍ രോഗികളുള്ളത്. 52,667 ല്‍ കൂടുതല്‍ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. തമിഴ്‌നാട്ടിലും സ്ഥിതി വഷളാവുകയാണ്.
തമിഴ്‌നാട്ടില്‍ 1927 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 36,841 ആയി. 19 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 326 ആയും ഉയര്‍ന്നു. 19,333 പേര്‍ ഇതിനോടകം രോഗമുക്തി നേടി.