ലഖ്‌നൗ: യുപിയിൽ ഏറെ വിവാദമായ 25 സ്‌കൂളുകളിൽ ഒരേ സമയം ജോലി ചെയ്ത് ഒരു കോടിയോളം രൂപ സമ്പാദിച്ചെന്ന കേസിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്. പണം തട്ടിയെന്ന് പറയുന്ന അനാമിക ശുക്ലയുടെ പേരും രേഖകളും ഉപയോഗിച്ച് മറ്റുചിലരാണ് ജോലി നേടി ശമ്പളം വാങ്ങിയതെന്നാണ് പുതിയ റിപ്പോർട്ട്. ജോലിക്കായി നൽകിയ രേഖകളിൽ പറയുന്ന അനാമിക ശുക്ല നിലവിൽ ജോലിയൊന്നുമില്ലാത്ത ആളാണെന്നും യോഗ്യതകൾ ഉണ്ടായിട്ടും ജോലി കിട്ടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യം മുഴുവൻ തന്നെ സംഭവം വലിയ ചർച്ചയായതോടെ ‘യഥാർഥ’ അനാമിക ശുക്ല തന്നെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലെത്തി കാര്യങ്ങൾ ബാധ്യപ്പെടുത്തിയത്. താനാണ് യഥാർഥ അനാമിക ശുക്ലയെന്നും തന്റെ രേഖകളും സർട്ടിഫിക്കറ്റുകളും തന്റെ അനുവാദമില്ലാതെ മറ്റുചിലർ തട്ടിപ്പിന് ഉപയോഗിച്ചെന്നുമാണ് ഇവർ പറയുന്നത്.
2017ൽ ഉത്തർ പ്രദേശിലെ അഞ്ച് ജില്ലകളിലെ വിവിധ സ്‌കൂളുകളിൽ താൻ സയൻസ് അധ്യാപികയുടെ ഒഴിവിലേക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ എവിടെയും ജോലി ലഭിച്ചില്ല. കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നതോടെയാണ് തന്റെ രേഖകളാണ് തട്ടിപ്പിന് ഉപയോഗിച്ചതായി മനസിലായത്. അതിനാലാണ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി വിവരങ്ങൾ ധരിപ്പിച്ചതെന്നും അനാമിക ശുക്ല പറഞ്ഞു. സംഭവത്തിൽ അനാമിക ശുക്ലയുടെ രേഖകൾ ചിലർ തട്ടിപ്പിന് ഉപയോഗിച്ചതായാണ് കരുതുന്നതെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ ഇന്ദ്രജിത് പ്രജാപതിയും പ്രതികരിച്ചു.
അനാമിക ശുക്ലയുടെ പേരിലുള്ള രേഖകൾ ഉപയോഗിച്ച് വിവിധ ജില്ലകളിലെ ഒമ്പത് സ്‌കൂളുകളിൽ അധ്യാപക നിയമനം നടന്നിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിൽ ആറ് സ്‌കൂളുകളിൽനിന്നായി കഴിഞ്ഞ വർഷം അനാമിക ശുക്ലയുടെ പേരിൽ 12 ലക്ഷത്തോളം രൂപ ശമ്പളമായി നൽകിയിട്ടുണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച അനാമിക ശുക്ല എന്ന പേരിൽ കാസ്ഗഞ്ചിലെ ഒരു സ്‌കൂളിൽ ജോലിചെയ്തിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രിയ എന്നായിരുന്നു ഇവരുടെ യഥാർഥ പേര്. രാജ് എന്നുപേരുള്ള ഒരാൾക്ക് ഒരു ലക്ഷം രൂപ നൽകിയാണ് ജോലി തരപ്പെടുത്തിയതെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്.