ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി രണ്ടാഴ്ചത്തേക്കു മാറ്റി. കേസ് പരിഗണിച്ചപ്പോള്‍ സരിതയുടെ അഭിഭാഷന് സാങ്കേതിക തടസം മൂലം വാദം നടത്താനാവാത്തതിനെത്തുടര്‍ന്നാണ് കേസ് മാറ്റിയത്.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. എന്നാല്‍ സരിതയുടെ അഭിഭാഷകന്റെ ദൃശ്യം കാണാന്‍ കഴിഞ്ഞിരുന്നില്ല. അഭിഭാഷകന്റെ ശബ്ദംമാത്രമാണ് വിഡിയോ കോണ്‍ഫറന്‍സില്‍ ലഭ്യമായത്. ഇതേ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ കേസ് മാറ്റിവക്കുകയായിരുന്നു.
തന്റെ നാമനിര്‍ദേശ പത്രിക തള്ളിയ വരാണധികാരിയുടെ നടപടി ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പുതുതായി തെരെഞ്ഞെടുപ്പ് നടത്തണം എന്നും ഹര്‍ജിയില്‍ സരിത എസ് നായര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ സരിത വ്യക്തമാക്കിയിട്ടുണ്ട്. സരിതയുടെ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരം നാമനിര്‍ദേശ പത്രിക തള്ളാം. സരിതയ്ക്ക് എതിരെ ഇത്തരത്തിലുള്ള വിധിയുണ്ടെന്നും ഇവ മേല്‍കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയത്.