10 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും, ഉത്തര്‍പ്രദേശില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് കടുത്ത ശിക്ഷ; ഓര്‍ഡിനന്‍സുമായി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: പശുവിനെ കൊല്ലുന്നവര്‍ക്ക് ഉത്തര്‍പ്രദേശില്‍ ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ്. പശുക്കളെ കശാപ്പ് ചെയ്യുന്നത് തടയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കി. ഉടമകളുടെ സമ്മതമില്ലാതെയോ അനധികൃതമായോ പശുക്കളെ വാഹനത്തിലോ അല്ലാതെയോ കൊണ്ടുപോകുന്നവര്‍ക്കെതിരെയും കേസുണ്ടാകും.

പശുവിനെ കൊല്ലുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവിന് പുറമെ 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്.

1955ലെ പശു കശാപ്പ് നിരോധിത നിയമം ആണ് ഭേദഗതി ചെയ്തത്. പശു കശാപ്പ് പൂര്‍ണമായി ഇല്ലാതാക്കാനാണ് ഭേദഗതിയെന്ന് യോഗി സര്‍ക്കാര്‍ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ ഓടിപ്പോകാന്‍ ശ്രമിച്ചാല്‍ അവരുടെ ചിത്രങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കും.

അനധികൃതമായി വാഹനങ്ങളില്‍ ബീഫ് കടത്തിയാല്‍ ഡ്രൈവര്‍ക്കും വാഹന ഉടമയ്ക്കുമെതിരെ നടപടിയുണ്ടാകും. അനധികൃതമായ പശുക്കടത്ത് പിടിക്കപ്പെട്ടാല്‍ ആ പശുക്കളുടെ ഒരു വര്‍ഷത്തെ പരിപാലന ചെലവ് വഹിക്കണം. ഭക്ഷണവും വെള്ളവും നല്‍കാതെ പശുക്കളെ പട്ടിണിക്കിട്ടാല്‍ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ കഠിന തടവാണ് ശിക്ഷ.

Exit mobile version