ബംഗളൂരു: രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും മകനും ഫോണിലൂടെ ഭീഷണി. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഭീഷണി. ഞായറാഴ്ച പുലര്‍ച്ചെയാണ് ഖാര്‍ഗെയ്ക്ക് ഭീഷണി വന്നത്. അതിന് ശേഷം മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ പ്രിയങ്കിന് അദ്ദേഹത്തിന്റെ മൊബൈലിലേക്ക് ഒരു പ്രൈവറ്റ് നമ്പറില്‍ നിന്നും ഭീഷണിപ്പെടുത്തികൊണ്ട് കോള്‍ വരികയായിരുന്നു.
ഭീഷണിപ്പെടുത്തിയ ആള് ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചെന്നും അച്ഛനായ ഖാര്‍ഗെയെക്കുറിച്ച് മോശമായി സംസാരിച്ചെന്നും പ്രിയങ്ക് കൂട്ടിച്ചേര്‍ത്തു. ഫോണ്‍ വിളിച്ചയാള്‍ രാജ്യസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് എടുത്ത് പറയുകയും ഖാര്‍ഗെയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.
ഇതുസംബന്ധിച്ച് പ്രിയങ്ക് എംഎല്‍എ സംസ്ഥാന പോലീസ് മേധാവി പ്രവീണ്‍ സൂദിന് പരാതി നല്‍കുകയും ചെയ്തു. 77 കാരനായ ഖാര്‍ഗെ കര്‍ണാടകയില്‍നിന്നും മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക തിങ്കളാഴ്ചയാണ് സമര്‍പ്പിച്ചത്.
Discussion about this post