തുടര്‍ച്ചയായ നാലാം ദിവസവും വര്‍ധനവ്; പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: വീണ്ടും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ 45 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില ഡല്‍ഹിയില്‍ 73.40 രൂപയിലെത്തി. ഡീസലിനാകട്ടെ 71.62 രൂപയും.

നാലുദിവസംകൊണ്ട് പെട്രോളിന് 2.14 രൂപയും ഡീസലിന് 2.23രൂപയുമാണ് വര്‍ധനവുണ്ടായത്. ലിറ്ററിന് 18 രൂപ അടിസ്ഥാന വിലയുള്ള പെട്രോള്‍ കൊച്ചിയില്‍ വാഹനത്തില്‍ നിറയ്ക്കുമ്പോള്‍ ബുധനാഴ്ച നല്‍കേണ്ടി വരുന്നത് 73.56 രൂപയാണ്. പതിനെട്ടര രൂപയുള്ള ഡീസലിനാകട്ടെ 67.84 രൂപയും.

82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലവര്‍ധനവ് ഉണ്ടായത്. പിന്നെ തുടര്‍ച്ചയായി വില വര്‍ധിക്കുകയായിരുന്നു. മേയ് ആറിന് റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ധിപ്പിച്ചു. ഇപ്പോള്‍ അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറില്‍നിന്ന് 41 ഡോളറിലെത്തിയെന്നപേരില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നാലുദിവസമായി ഇന്ധന വില കൂട്ടുകയാണ്.

Exit mobile version